തിരുവമ്പാടി: ഏറെ വിയര്‍പ്പൊഴുക്കി ജീവിതം പടുത്തുയര്‍ത്തിയ ഈ മണ്ണില്‍ അഭയാര്‍ഥികളെപ്പോലെ ഞങ്ങള്‍ ജീവിക്കണോ? അല്ലെങ്കില്‍ ഈ നാട് വിട്ട് കുടിയിറങ്ങണോ? ഇഎസ്എ പരിധിയില്‍ പെട്ടിരിക്കുന്ന തിരുവമ്പാടി വില്ലേജിലെ കര്‍ഷക ജനതയുടെ ആശങ്കയാണിത്.
ഒരുകാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് മലയോരത്ത് ജീവിതം പടുത്തുയര്‍ത്തിയവരാണ് ഇന്ന് മറ്റൊരു ആശങ്കയുടെ നിഴലില്‍ കഴിയുന്നത്. പലരും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ കൃഷിയിടങ്ങളും വീടുകളും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മാറി.
എന്നാല്‍ മണ്ണിനോടുള്ള ബന്ധം ഉപേക്ഷിക്കാതെ ഇവിടെത്തന്നെ പിടിച്ചുനിന്നവരുടെ മുന്നിലാണ് ഇപ്പോള്‍ പരിസ്ഥിതി ലോല മേഖലയുടെ പുതിയ ആശങ്ക. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനമാണ് തിരുവമ്പാടി വില്ലേജിലെ ജനതയുടെ ഉറക്കം കെടുത്തുന്നത്. കേരളം സമര്‍പ്പിച്ച അന്തിമ ശിപാര്‍ശയിലെ മേഖലകള്‍ മാത്രം ഉള്‍പ്പെടുത്തി ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാണ് മലയോര ജനതയുടെ പ്രധാന ആവശ്യം.
തലമുറകളുടെ അധ്വാനത്തിലൂടെ ഉയര്‍ന്ന വീടുകളും കൃഷിയിടങ്ങളും ഗതാഗത സംവിധാനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ജനവാസ മേഖലകളാണ് ഇവിടെയുള്ളത്. ഇഎസ്എ പരിധി സംബന്ധിച്ച വ്യക്തതക്കുറവാണ് ജനങ്ങളുടെ പ്രധാന ആശങ്കകളിലൊന്ന്. സ്വന്തം ഭൂമി നിര്‍ദേശിക്കപ്പെട്ട ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നറിയാന്‍ കൃത്യമായ അതിര്‍ത്തി ഭൂപടങ്ങള്‍ ആവശ്യമാണ്.
ഭൂമിയുടെ ക്രയവിക്രയം, ബാങ്ക് വായ്പ, വീടുനിര്‍മാണം, റോഡ് വികസനം, കൃഷി, ചെറുകിട സംരംഭങ്ങള്‍ എന്നിവയെ ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.83.96 ചതുരശ്ര കിലോമീറ്ററാണ് തിരുവമ്പാടി വില്ലേജിന്റെ വിസ്തീര്‍ണം. ജനസംഖ്യ 23968. ഇത്രയധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര മേഖലയെ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ അടിച്ചേല്പ്പിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് കര്‍ഷകരുടെ നിലപാട്. വനവും നീരുറവകളും മലകളും സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന സാധാരണക്കാരെ സംരക്ഷണത്തിന്റെ പേരില്‍ ആശങ്കയിലാക്കുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നാണ് അവരുടെ ആവശ്യം.
കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കുടിയേറ്റ കര്‍ഷകര്‍, ഗോത്രവിഭാഗങ്ങള്‍, ചെറുകിട സംരംഭകര്‍ എന്നിവരും പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നതാണ് മലയോര ജനത ഉയര്‍ത്തുന്ന വാദം. ഇഎസ്എ വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ജനകീയ കൂട്ടായ്മകളും പ്രതിഷേധങ്ങളും യോഗങ്ങളും സംഘടിപ്പിച്ചുവരികയാണ്. തിരുവമ്പാടിയില്‍ കഴിഞ്ഞ ദിവസം പ്രത്യേക ഗ്രാമസഭകള്‍ ചേരുകയും വന്ജനപങ്കാളിത്തത്തോടുകൂടി ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി തുടരുന്ന അനിശ്ചിതത്വത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം